ന്യൂഡെൽഹി : രാജ്യത്തെ എല്ലാ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കണമെന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും സഹായകമാകുമെന്നും അതിനാല്‍ ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ പലയിടങ്ങളും സർക്കാർ ഇടപെടൽ കാരണം സ്വകാര്യ ആശുപത്രികൾ തുറക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യവകുപ്പ് സെക്രട്ടറിമാരുമായും ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സജീവമാക്കണമെന്നു നിർദേശിച്ചത്.
നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ,ആംബുലൻസ് തുടങ്ങി എല്ലാ മേഖലയിലുമുള്ള ആരോഗ്യപ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യവും ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള സൗകര്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.