ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായിരുന്ന പ്രഥമ ഇന്ത്യാക്കാരനും ഇന്ത്യയുടെ വന്ദ്യവയോധികനുമായി അറിയപ്പെടുന്ന ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിയ്ക്ക് ചരിത്രസ്മാരകം എന്ന നിലയില്‍ അംഗീകാരം ലഭിച്ചു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ആദരിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടന അദ്ദേഹം താമസിച്ചിരുന്ന വീടിനു മുന്നില്‍ നീലഫലകം സ്ഥാപിച്ചു.
ഇന്ത്യന്‍ ദേശീയവാദിയും പാര്‍ലമെന്റംഗവുമായിരുന്ന ദാദാഭായ് നവറോജി ഇവിടെ താമസിച്ചിരുന്നു എന്നാണ് ഫലകത്തില്‍ പറയുന്നത്. 1897-ലാണ് ദാദാഭായ് നവറോജി വാഷിങ്ടണ്‍ ഹൗസ്, 72 അനെര്‍ലി പാര്‍ക്ക്, പെംഗെ, ബ്രോംലി എന്ന വിലാസത്തിലേക്ക് താമസം മാറിയത്.
ചെങ്കല്ലില്‍ തീര്‍ത്ത ഈ വീട്ടില്‍ എട്ടുവര്‍ഷത്തോളം അദ്ദേഹം താമസിച്ചു. ഇന്ത്യയ്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം വേണമെന്ന നിലയിലേക്ക് നവറോജിയുടെ ചിന്തകള്‍ വികസിക്കുന്ന കാലമായിരുന്നു അതെന്ന് ഇംഗ്ലീഷ് ഹെറിറ്റേജ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 1904-1905 കാലത്താണ് അദ്ദേഹം ഇവിടെ നിന്ന് മാറിത്താമസിച്ചത്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ പോവര്‍ട്ടി ആന്‍ഡ് അണ് ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന കൃതി പ്രസിദ്ധീകരിച്ചത് 1901-ലാണ്.