ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങി; വിജയം ഉറപ്പിച്ച് ജഗ്ദീപ് ധന്‍കര്‍

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റ് മന്ദിരത്തില്‍ പുരോഗമിക്കുന്നു. പാര്‍ലമെന്റില്‍ പ്രത്യേകം സജ്ജീകരിച്ച 63-ാം നമ്പര്‍ മുറിയിലെ കേന്ദ്രത്തില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണി വരെ തുടരും. തുടര്‍ന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

മുതിര്‍ന്ന രാഷ്ട്രീയ നേതാവും അഭിഭാഷകനും പശ്ചിമ ബംഗാളിന്റെ മുന്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയാണ് മത്സരരംഗത്തുള്ളത്.

നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ മാസം 10-ാം തീയതി അവസാനിക്കാനിരിക്കെയാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പുതിയ ഉപരാഷ്ട്രപതി 11-ാം തീയതി ചുമതലയേല്‍ക്കും. പാര്‍ലമെന്റിലെ ഇരുസഭകളിലേയും 788 അംഗങ്ങളാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥി 395-ന് മുകളില്‍ വോട്ട് നേടിയിരിക്കണം.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച ജെ.എം.എം ഇത്തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയേയാണ് പിന്തുണയ്ക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ശിവസേനയും തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസും മാര്‍ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മായാവതിയുടെ ബി.എസ്.പിയും ബിജു ജനതാദളും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നേരത്തെ തന്നെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.