ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ദേവാന് ഹൗസിങ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) ഡയറക്ടര്‍മാർക്ക് എതിരേ സിബിഐ അന്വേഷണം. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തില്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാരായ കപില്‍ വധാവന്, ധീരജ് വധാവന് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍.
യൂണിയന് ബാങ്കിന്റെ നേതൃത്വത്തിലുള്ള പതിനേഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 2010-18 കാലയളവില്‍ 42,871 കോടിയാണ് വായ്പനല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് യൂണിയന് ബാങ്ക് നല്കിയ പരാതിയിലാണ് അ്ന്വേഷണം. രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തി, ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തി തുടങ്ങിയ കാര്യങ്ങളാണ് സിബിഐയുടെ എഫ്ഐആറിലുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – 9898 കോടി, കാനറാബാങ്ക് 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 3802 കോടി എന്നിങ്ങനെയാണ് തട്ടിപ്പ്.
ഇതിനു മുന്‍പ് സിബിഐ അന്വേഷിച്ച രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് എബിജി ഷിപ്പ് യാര്‍ഡ് കേസ് ആണ്. 23,000 കോടി രൂപയുടേതായിരുന്നു ഈ തട്ടിപ്പ് കേസ്.