ഇന്ത്യയിൽ രോഗവ്യാപനം കൂടുമ്പോഴും മരണനിരക്ക് കുറയുന്നു; ആശ്വാസമെന്ന് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളിലെ പോലെ മോശപ്പെട്ട സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. എങ്കിലും അത്തരത്തിലുളള മോശം സ്ഥിതിവിശേഷം ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ രാജ്യം തയാറെടുപ്പുകള്‍ നടത്തിയതായും ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ രോഗവ്യാപനം ഉയരുമ്പോഴും മരണനിരക്ക് താരതമ്യേന കുറവാണ് എന്നത് ആശ്വാസം നല്‍കുന്നു. കോവിഡ് സ്ഥിരീകരിച്ചവരില്‍ 3.3 ശതമാനം മാത്രമാണ് മരണനിരക്ക്. രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും പ്രതീക്ഷ നല്‍കുന്നതാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കൊറോണ സ്ഥിരീകരിച്ചവരില്‍ രോഗ മുക്തി നേടുന്നവരുടെ തോത് 29.9 ശതമാനമായാണ് ഉയര്‍ന്നത്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 11 ദിവസമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ ഇത് 9.9 ദിവസമാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഹര്‍ഷവര്‍ധന്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് കൊറോണ വ്യാപനം കുറയ്ക്കുന്നതിനുളള നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജൂലൈ അവസാനത്തോടെ പാരമ്യത്തില്‍ എത്തുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.