നിക്ഷേപ തട്ടിപ്പ്; പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് സ്വന്തം നാട്ടിൽ നിന്ന്

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് സ്വന്തം നാട്ടിൽ നിന്ന് തന്നെ. എഞ്ചിനീയറിംഗ് പഠന ശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽ നിന്നായിരുന്നു തട്ടിപ്പുവീരൻ റാണയുടെ വളർച്ച. വീടിനടുത്തുള്ള അച്ഛന്റെ മൊബൈൽ റീചാർജിങ് ഷോപ് ആയിരുന്നു കുടുബത്തിന്റെ വരുമാനം. പഠനം അവസാനിച്ചതോടെ റാണ ഈ കട ഏറ്റെടുത്ത് നടത്താൻ തുടങ്ങി.

മകന് നല്ല ഭാവിയുണ്ടാകാൻ അച്ഛൻ‍ മൊബൈൽ വിൽപ്പനശാല ആരംഭിച്ച് റാണയെ ഏൽപ്പിച്ചു. എന്നാൽ, മൊബൈലുകൾ വിറ്റ പണവുംകൊണ്ട് റാണ വീട്ടുകാരറിയാതെ ബെംഗളൂരുവിലേക്ക്‌ വണ്ടികയറി. അവിടെ പ്രതിസന്ധികൊണ്ട് പൂട്ടാറായ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു. പബ്ബുകൾ സ്വന്തമാണെന്ന് പ്രചരിപ്പിച്ച് പലരെക്കൊണ്ടും നിക്ഷേപമിറക്കി. ഇതിൽ നാട്ടിലെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. ലാഭവും മുതലും വൈകാതെ മടക്കി നൽകിയതോടെ നിക്ഷേപകർക്ക് വിശ്വാസമായി. ഇതോടെ തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലും ബാറും നിരവധി പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചു. ലാഭം കൃത്യമായി മടക്കിനൽകി.

2010-ൽ സേഫ് ആൻഡ് സ്ട്രോങ് എന്ന ധനകാര്യസ്ഥാപനം തുടങ്ങും മുമ്പെ റാണയെപ്പറ്റിയുള്ള ഖ്യാതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വ്യവസായി എന്നതായിരുന്നു പ്രചാരണം. ഇത് ഫലം കണ്ടു. ഇതോടെ സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് കോടികളുടെ നിക്ഷേപമെത്തി. ധനസമാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിലെത്തി വളർച്ചയുടെ ഗ്രാഫ് അവതരിപ്പിച്ചു. അതിനുശേഷം നാട്ടിൽ നടത്തിയ നിക്ഷേപകസംഗമത്തിൽ കോടികളാണ് സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് എത്തിയത്. നാല് ജില്ലകളിലും കേരളത്തിനു പുറത്തുമായി 20 ശാഖകളും തുറന്നു.

ഇതിനിടെ പേരിനോടൊപ്പം ഡോക്ടർ എന്ന് ചേർത്ത് പ്രചോദനപ്രഭാഷകനുമായി. ചാനലുകളിൽ സ്ലോട്ടുകൾ വാങ്ങി പ്രഭാഷണവും അഭിമുഖവും നടത്തി ഈ വഴിക്കും പണം തട്ടി. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. റാണ നായകനായി 2020-ൽ ‘അനൻ’ എന്ന സിനിമ നിർമിച്ചെങ്കിലും റിലീസായില്ല.

2022-ൽ റാണ നായകനായി ‘ചോരൻ’ എന്ന സിനിമ നിർമിച്ച് പുറത്തിറക്കുമ്പോഴേക്കും പണമില്ലാതെ കൊടും പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പുറമേ അറിയിച്ചില്ല. ഇതിനിടെ 2022 ജനുവരി ഒന്നിന് നാലുകോടിയോളം ചെലവിട്ട് വിവാഹവും നടത്തി.

പ്രതിസന്ധി കാരണം കഴിഞ്ഞ ഓഗസ്റ്റിൽ പകുതി ജീവനക്കാരെ നിർബന്ധിത അവധിയിൽ വിട്ടിരുന്നു. ഒക്ടോബറിലും നവംബറിലും ബാക്കി ജീവനക്കാർക്ക് പാതി ശമ്പളമാണ് നൽകിയത്. ഡിസംബറിൽ നൽകിയതുമില്ല. ഡിസംബർ 27-ന് വിളിച്ചുചേർത്ത നിക്ഷേപകസംഗമത്തിൽ റാണ പോലീസ് സുരക്ഷയിൽ എത്തിയതും ചോദ്യങ്ങൾക്കു മുന്നിൽ പതറിയതുമാണ് നിക്ഷേപകർ പോലീസിൽ പരാതിപ്പെടാനും പുകമറ സൃഷ്ടിച്ച നായകൻ ഒളിവിൽ പോകാനും കാരണം.

കെ.പി. എന്ന ഇനിഷ്യലിനു ഗമ കുറവാണെന്നു തോന്നിയതുകൊണ്ടു പ്രവീൺ സ്വയം കൂട്ടിച്ചേർത്തതാണ് റാണ എന്ന പേരെന്നു സൂചന. തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്തു തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലടക്കം എല്ലാ ഔദ്യോഗിക രേഖകളിലും പ്രവീണിന്റെ യഥാർഥ പേരായ കെ.പി.പ്രവീൺ എന്നു തന്നെയാണ്.

പേരിനൊരു ‘പഞ്ച്’ പോരെന്ന തോന്നലിൽ നിന്നാണ് റാണ എന്നു കൂട്ടിച്ചേർത്തത്. ഡോക്ടർ എന്ന പദവിയുടെ കാര്യവും ഇങ്ങനെ തന്നെ. തട്ടിപ്പു സർവകലാശാലകളിൽ നിന്നു ചിലർ ‘വാങ്ങിച്ചെടുക്കുന്ന’ ഡോക്ടറേറ്റ് പോലും പ്രവീൺ റാണയ്ക്കില്ലെന്നാണു സൂചന. പേരിനൊപ്പം ഡോക്ടർ എന്നു റാണ തന്നെ സ്വയം ചേർക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. പിന്നീടതു ലൈഫ് ഡോക്ടർ എന്ന മട്ടിൽ വിപുലീകരിച്ചു.

കേരളമാകെ വലവിരിച്ചതോടെ റാണ തമിഴ്നാട്ടിലേക്കാണ് രക്ഷപ്പെട്ടത്. ദേവരായപുരത്തെ കരിങ്കൽക്വാറിയിൽ പൊലീസ് എത്തുമ്പോൾ കണ്ടത് കറുപ്പണിഞ്ഞ് കുടിലിൽ കഴിയുന്ന പ്രവീൺ റാണയെ ആയിരുന്നു. തട്ടിച്ചെടുത്ത പണമുപയോഗിച്ച് അത്യാഡംബര സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന റാണ കുടിലിൽ പാമരനായി കഴിയുന്ന കാഴ്ച പൊലീസിനെ അമ്പരപ്പിച്ചു. കുടിലിൽ പണമൊന്നും ഉണ്ടായിരുന്നില്ല.

പ്രവീൺ റാണ മുങ്ങിയെന്നറിഞ്ഞതോടെ നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ 55 പരാതികളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 100 കോടി രൂപയിൽ താഴെയാണു തട്ടിപ്പിന്റെ വ്യാപ്തിയെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ, പരാതിക്കാരുടെ എണ്ണം കൂട‍ിയതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കുന്ന അവസ്ഥയായി. പ്രതി ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു ലിഫ്റ്റിൽ കയറി രക്ഷപ്പെട്ടതു പൊലീസിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണു സിറ്റി ക്രൈം സ്ക്വാഡും ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.

റാണ 6നു കേരളം വിട്ടെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇതു സ്ഥിരീകരിക്കാൻ പാകത്തിന് ഉറച്ച തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കുടുംബാംഗത്തിന്റെ ഫോണിലേക്ക് തമിഴ്നാട്ടിൽ നിന്നൊരു വിളി എത്തിയത്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ദേവരായപുരത്തു നിന്നാണെന്നു കണ്ടെത്തി. കമ്മിഷണറുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണസംഘം പുറപ്പെട്ടു. പ്രതിയെ കയ്യോടെ പിടിക്കുകയും ചെയ്തു.

കെ.പി. എന്ന ഇനിഷ്യലിനു ഗമ കുറവാണെന്നു തോന്നിയതുകൊണ്ടു പ്രവീൺ സ്വയം കൂട്ടിച്ചേർത്തതാണ് റാണ എന്ന പേരെന്നു സൂചന. തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്തു തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലടക്കം എല്ലാ ഔദ്യോഗിക രേഖകളിലും പ്രവീണിന്റെ യഥാർഥ പേരായ കെ.പി.പ്രവീൺ എന്നു തന്നെയാണ്.

കുടുംബാംഗത്തിനു വന്ന ഫോൺകോളിന്റെ ഉറവിടം അന്വേഷിച്ച പൊലീസ് സംഘത്തിന്, അതു തമിഴ്‌നാട്ടിലെ ദേവരായപുരത്തുനിന്നാണെന്നു മനസ്സിലായി. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ സിഐ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുമ്പോൾ, സ്വാമിയായി വേഷം മാറിയായിരുന്നു ക്വാറിയിലെ തൊഴിലാളികളുടെ കുടിലിൽ പ്രവീൺ റാണയുടെ ഒളിവിലെ വാസം. കൂട്ടാളികൾക്കൊപ്പം എതിർത്തു നിൽക്കാൻ ശ്രമിച്ച റാണയെ, ബലപ്രയോഗത്തിലൂടെയാണു പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. പൊലീസ് എത്തിയതു മനസ്സിലായതോടെ റാണയും സംഘവും പട്ടികളെ അഴിച്ചുവിട്ടു പ്രതിരോധിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പിടികൂടുമ്പോൾ റാണയുടെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല.

അറസ്റ്റ് ചെയ്ത റാണയെ അന്വേഷണ സംഘം തൃശൂരിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. റാണയുടെ തട്ടിപ്പിന്റെ വ്യാപ്തി നൂറു കോടിയിലൊതുങ്ങുമെന്നായിരുന്നു ആദ്യ വിലയിരുത്തലെങ്കിലും, ഇപ്പോൾ അത് 150 കോടി കടക്കുന്ന സ്ഥിതിയിലാണ്. റാണയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

പ്രവീൺ റാണ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ചോരൻ എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ച ദിവസം നടത്തിയ പായ്ക്കപ് പാർട്ടിയിൽ ലഹരിമരുന്നു വിതരണം ചെയ്തതായി പൊലീസിനു സാക്ഷിമൊഴി ലഭിച്ചു. ഈ സിനിമ സംവിധാനം ചെയ്തതു തൃശൂർ റൂറൽ പൊലീസിലെ എഎസ്‌ഐ ആണ്.