ചെങ്കോട്ട ഭീകരാക്രമണം: ലഷ്‌കര്‍ ഭീകരന്റെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി; പുനഃപരിശോധനാ ഹര്‍ജി തള്ളി

ന്യൂഡെല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി വിധി. ആരിഫിന്റെ കുറ്റം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി വിചാരണകോടതി വിധി ശരിവെച്ച് ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ബേല എം.ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

2000 ഡിസംബര്‍ 22-ന് ചെങ്കോട്ടയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. ചെങ്കോട്ടയില്‍ പ്രവേശിച്ച ശേഷം ഒരു വിവേചനവുമില്ലാതെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കേസ്.

കേസില്‍ ആരിഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിചാരണക്കോടതി 2005-ലാണ് വധശിക്ഷ വിധിച്ചത്. 2007-ല്‍ ഡെല്‍ഹി ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.