സ്‌കൂളുകളില്‍ പത്ത് മിനുട്ട് യോഗ നിര്‍ബന്ധം; ഉത്തരവ് പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗലൂരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ ദിവസവും പത്ത് മിനുട്ട് വീതം യോഗ പരിശീലിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വേണ്ടിയാണ് സ്‌കൂള്‍ അധികൃതരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും ഉറപ്പാക്കുന്നതിനും സ്‌കൂളുകളില്‍ നിത്യവും യോഗ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു. ഇത് വിദ്യാര്‍ത്ഥികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ നല്ല പൗരന്‍മാരാക്കാന്‍ സാഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് അന്തരിച്ച കന്നട താരം പുനീത് രാജ്കുമാറിന്റെ ജീവിതകഥ സംസ്ഥാന സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.