പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍; പ്രഖ്യാപനവുമായി നിതിന്‍ ഗഡ്ഗരി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമല്ല, ബാറ്ററിയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും മൂന്ന് ചക്രവാഹനങ്ങള്‍ക്കും ഗണ്യമായ വിലക്കുറവ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ പെട്രോള്‍ എഞ്ചിന്‍ വാഹനങ്ങള്‍ ലഭിക്കുന്ന അതേ നിലവാരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് ഗഡ്ഗരി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഇറക്കുമതിയ്ക്ക് പകരം പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണമില്ലാത്തതുമായ പ്രാദേശിക നിര്‍മ്മാണമാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്ന് നിതിന്‍ ഗഡ്ഗരി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഇന്ധനപ്രതിസന്ധിയും വിലക്കയറ്റവും മൂലം പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്നും സര്‍ക്കാര്‍ ആ വഴിയ്ക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.