ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. നാളെ രാവിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം സോറനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി അറിയിച്ചു.

സോറന്റെ സഹായിയായ പങ്കജ് മിശ്രയെ ജൂലൈ എട്ടിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് മിശ്രയുമായി ബന്ധപ്പെട്ട 18 കേന്ദ്രങ്ങളില്‍ അന്ന് റെയ്ഡും നടന്നിരുന്നു. പങ്കജ് മിശ്ര തന്റെ കൂട്ടാളികളിലൂടെ അനധികൃത ഖനന ബിസിനസും ഉള്‍നാടന്‍ ഫെറി സര്‍വ്വീസുകളും നിയന്ത്രിക്കുന്നതായാണ് ഇഡി വാദം.

സംസ്ഥാനത്ത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇഡി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.