ആം ആദ്മി പാര്‍ട്ടിയ്ക്ക് കോടികള്‍ നല്‍കിയെന്ന് സുകാഷ് ചന്ദ്രശേഖര്‍; നിഷേധിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന് സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖര്‍. തന്റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദര്‍ ജെയ്‌ന് പത്ത് കോടി രൂപയോളം നല്‍കിയെന്നാണ് സുകാഷ് പറഞ്ഞത്. എന്നാല്‍ സുകാഷിന്റെ അവകാശവാദങ്ങള്‍ തള്ളിയ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്നും മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണങ്ങളെന്ന് തിരിച്ചടിച്ചു.

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ സുകാഷ് 2017 മുതല്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലാണ്. ജയിലിനുളളില്‍ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ സത്യേന്ദര്‍ ജെയിന്‍ പത്ത് കോടി രൂപ തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തെന്നാണ് സുകാഷ് ഡെല്‍ഹി ലെഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേനയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. എ.ഐ.എ.ഡി.എം.കെ. ശശികല വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കാര്യവും സുകാഷ് പരാതിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ എഎപി തനിക്ക് സുപ്രധാന പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തു. ഇതിന് പിന്നാലെ 50 കോടിയും നല്‍കി. ജയിലില്‍ വെച്ച് തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയായും സുരക്ഷയ്ക്കായി സത്യേന്ദര്‍ ജെയ്‌ന് പണം നല്‍കിയെന്നുമാണ് സുകാഷ് പറയുന്നത്. സുകാഷിന്റെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി തട്ടിപ്പ് പാര്‍ട്ടിയാണെന്ന് ബിജെപി ആരോപിച്ചു.