ന്യൂഡെല്‍ഹി: ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയരുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. അതേസമയം സംഭവത്തില്‍ ഡിജിസിഎയും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണറിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു. സമാനസംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോയുടെ ഡെല്‍ഹിയില്‍ നിന്നും ബെംഗലൂരുവിലേക്കുള്ള 6 ഇ- 2131 എന്ന വിമാനത്തിനാണ് തകരാറുണ്ടായത്. പറന്നുയരുന്നതിനിടെ തീപ്പൊരി ശ്രദ്ധപ്പെട്ടതിനെത്തുടര്ന്ന് ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
യാത്രക്കാരെയെല്ലാം സുരക്ഷിതരായി വിമാനത്തില്‍ നിന്നും പുറത്തെത്തിച്ച് പിന്നീട് രാത്രി 11 മണിക്ക് ശേഷം മറ്റൊരു വിമാനത്തില്‍ അയച്ചു. വിമാനം പറന്നുയരുമ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണിതെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം.