റെയില്‍വേ സ്‌റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് പേരുമാറ്റം; ഇനി മുതല്‍ ‘സഹയോഗ്’

റെയില്‍വേ സ്‌റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി മുതല്‍ പുതിയ പേര്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് രാജ്യത്ത് എല്ലായിടത്തും സഹയോഗ് എന്നാണ് മാറ്റി. റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കിമാറ്റാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ മേഖലാകേന്ദ്രങ്ങള്‍ക്കും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌റ്റേഷനുകളിലെ പഴയ ബോര്‍ഡുകള്‍ നീക്കി സഹയോഗ് എന്ന പുതിയ ബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചുതുടങ്ങി.

അതേസമയം റെയില്‍വേ ബോര്‍ഡിന്റെ പുതിയ പേരുമാറ്റം യാത്രക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സഹയോഗ് എന്നെഴുതി തന്നെയാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ പല ആളുകള്‍ക്കും ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമാണ് ഈ നീക്കമെന്നും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.