ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്; സി.ഇ.ഒ പരാഗ് ആഗ്രവാള്‍ ഉള്‍പ്പെടെ നിരവധി ഉന്നതരെ പുറത്താക്കി

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമക്കമ്പനിയായ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. വെള്ളിയാഴ്ച ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള അവസാന തീയതിയായിരുന്നു. ഇതിനിടെയാണ് ഏറ്റെടുക്കല്‍ നടപടികളുമായി മസ്‌ക് രംഗത്തെത്തിയത്.

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നതവരെ മസ്‌ക് പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സി.ഇ.ഒ പരാഗ് അഗ്രവാള്‍, ലീഗല്‍ ഹെഡ് വിജയ ഗാഡ, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍ എന്നിവരെ പുറത്താക്കിയതായാണ് സൂചന. സിഇഒ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് ആരോപണം ഉയര്‍ത്തിയിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനം കഴിഞ്ഞ ദിവസം മസ്‌ക് സന്ദര്‍ശിച്ചിരുന്നു. കൈയില്‍ ഒരു സിങ്കുമായാണ് ട്വിറ്റര്‍ ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. പുതിയ ഉത്തരവാദിത്തവുമായി പൊരുത്തപ്പെടുന്നതിനാണ് (ലെറ്റ് ദാറ്റ് സിങ്ക് ഇന്‍)സിങ്കുമായി എത്തിയതെന്ന് വീഡിയോ പങ്കുവെച്ച് മസ്‌ക് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടയ്ക്ക്‌വെച്ച് ഇതില്‍ താല്‍പര്യമില്ലെന്നും മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഉടമകള്‍ കോടതിയില്‍ കേസ് നല്‍കിയതിന് പിന്നാലെ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.