ലക്നൗ: വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസം ഖാന് മൂന്ന് വര്‍ഷം തടവ്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2019-ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലെ പരാമര്‍ശങ്ങളിലാണ് രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 25000 രൂപ പിഴയും അസംഖാന് വിധിച്ചിട്ടുണ്ട്. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് അസം ഖാന് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്ന് കോടതി വ്യക്തമാക്കി.
റാംപുരില്‍ നിന്നുള്ള എം.എല്‍.എയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, മോഷണം തുടങ്ങി തൊണ്ണൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020-ല്‍ അറസ്റ്റിലായ അസം ഖാന് 27 മാസത്തോളം ജയിലിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.