ലോകത്തെ പത്താമത്തെ തിരക്കേറിയ വിമാനത്താവളമെന്ന നേട്ടവുമായി ഡെല്‍ഹി

ന്യൂഡെല്‍ഹി: ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം. ഒക്ടോബറിലെ എയര്‍ലൈന്‍ കപ്പാസിറ്റിയുടെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ അനലിസ്റ്റ് ഒഎജിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കൊറോണ കാലത്തിന് മുമ്പുള്ള അവസ്ഥയേക്കാള്‍ ഡെല്‍ഹി വിമാനത്താവളത്തിന്റെ റാങ്കിങ് മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മഹാമാരിക്ക് മുമ്പ് 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു.

ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് അറ്റ്‌ലാന്റയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ വിമാനത്താവളമാണ് ഏറ്റവും കൂടുതല്‍ തിരക്കുള്ള എയര്‍പോര്‍ട്ട്. ദുബായ് രണ്ടാം സ്ഥാനത്തും ടോക്കിയോയിലെ ഹനേഡ മൂന്നാം സ്ഥാനത്തുമാണ്. ഡാലസ്, ഡെന്‍വര്‍, ഹീത്രു, ചിക്കാഗോ, ഇസ്താംബൂള്‍, ലോസ് ഏഞ്ചല്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള തിരക്കേറിയ വിമാനത്താവളങ്ങള്‍.