ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ ഓഫീസുകള്‍ തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024-നുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും എന്‍ഐഎയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ലോകത്തിലെ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സികളിലൊന്നായി എന്‍.ഐ.എ മാറിക്കഴിഞ്ഞു. ചെറിയ ചില പിഴവുകള്‍ ഉണ്ടെങ്കിലും എന്‍.ഐ.എയ്ക്ക് അതിന്റെ ലക്ഷ്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞെന്ന് അമിത് ഷാ പറഞ്ഞു. തീവ്രവാദബന്ധമുള്ള കേസുകളിലെ അന്വേഷണത്തിന് മറ്റ് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായും എന്‍.ഐ.എ നല്ല ബന്ധം സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യം തടയല്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണ്. തീവ്രവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. 2019-ന് ശേഷം ജമ്മു കശ്മീരില്‍ 57,000 കോടി രൂപ നിക്ഷേപിച്ചുവെന്നും അമിത് ഷാ പറഞ്ഞു.