കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല എന്നത് മാത്രമല്ല കാരണം; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിലെ ഉദാരതയെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന കാരണത്താല്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇത് തെറ്റായ ധാരണയാണെന്ന് സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി. പര്‍ദിയവാലയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്താല്‍ ഉടന്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പ്രവണത പ്രകടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന പല കേസുകളിലും ഈ സാഹചര്യമുണ്ട്.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നതിന് പ്രഥമദൃഷ്ട്യാ കേസ് ഇല്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. അതിനെ ഗൗരവത്തില്‍ കാണേണ്ടതില്ലെന്നും അര്‍ത്ഥമാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കേസ് ഉണ്ടോ എന്നതാണ് പ്രധാനമായും കോടതികള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ലഭിക്കാവുന്ന പരമാവധി ശിക്ഷയും കണക്കിലെടുക്കണം. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണെന്ന് കോടതി പറഞ്ഞു.

വയനാട്ടില്‍നിന്നുള്ള പോക്‌സോ കേസ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനാവശ്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.