കോയമ്പത്തൂരിലേത് ചാവേര്‍ സ്‌ഫോടനമെന്നതിന് കൂടുതല്‍ തെളിവുകള്‍; വാട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ കണ്ടെടുത്തു

ചെന്നൈ: കോയമ്പത്തൂരില്‍ ഉക്കട ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്നതിനെ ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ജമേഷ മുബിന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം കണ്ടെടുത്തതായാണ് വിവരം. മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്നും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു സ്റ്റാറ്റസ്. സ്‌ഫോടനത്തിന്റെ തലേദിവസമായിരുന്നു സ്റ്റാറ്റസ് ഇട്ടത്.

കൂടാതെ കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം ജമേഷയുടെ മൃതദേഹഭാഗങ്ങളില്‍ നിന്ന് ലഭിച്ചതായും സൂചനയുണ്ട്. ഈ ശരീരഭാഗങ്ങള്‍ വിദദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേസമയം കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. വന്‍ സ്‌ഫോടനങ്ങള്‍ക്ക് പ്രതികള്‍ പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടില്‍ നിന്ന് നിര്‍ണ്ണായകമായ പല രേഖകളും പൊലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രങ്ങള്‍, കളക്ട്രേറ്റ്, കമ്മീഷണര്‍ ഓഫീസ് എന്നിവയെ സംബന്ധിക്കുന്ന രേഖകളാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 75 കിലോയോളം സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു.