കോയമ്പത്തൂര്‍ സ്‌ഫോടനം: അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി, അന്വേഷണം കേരളത്തിലേക്കും

ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടയില്‍ ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. സ്‌ഫോടനം ചാവേറാക്രമണമാണെന്ന തരത്തിലുണ്ടായ സംശയങ്ങളെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ബന്ധമുള്ള അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളില്‍ ചിലര്‍ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തും കൂടുതല്‍ പരിശോധനയും അന്വേഷണവും ഉണ്ടാകും.

മുന്‍പ് മറ്റൊരു സംഭവത്തില്‍ ജമേഷയെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന പ്രതിയെ സന്ദര്‍ശിക്കാന്‍ ജമേഷ കേരളത്തില്‍ വന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2019-ല്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് സമാനമായ ആക്രമണമാണ് ജമേഷ കോയമ്പത്തൂരില്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇതിനായി കോയമ്പത്തൂരിലെ രണ്ട് ആരാധനാലയങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായാണ് വിവരം.