പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം കാര്‍ഗിലില്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം. സൈനികരുടെ ദീപാവലി ആഘോഷത്തില്‍ പങ്കുചേരാനായി പ്രധാനമന്ത്രി കാര്‍ഗിലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2014-ല്‍ അധികാരമേറ്റത് മുതല്‍ എല്ലാ വര്‍ഷവും മോദി ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പമാണ്. ഇത്തവണയും പ്രധാനമന്ത്രി ഈ പതിവ് തെറ്റിച്ചിട്ടില്ല.

രാജ്യത്തെ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന ആഘോഷങ്ങളിലൊന്നാണെന്നും ഈ മഹത്തായ ഉത്സവം ഏവരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസാവാചകത്തില്‍ കുറിച്ചു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഏവര്‍ക്കും ആഘോഷപൂര്‍ണ്ണമായ ദീപാവലി ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.