നൂറ് എം.പിമാരുടെ പിന്തുണ; സുപ്രധാന ചുവടുവെയ്പ്പുമായി ഋഷി സുനാക്

ലണ്ടന്‍: ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രി പദം ഉപേക്ഷിച്ചതിന് പിന്നാലെ പുതിയ പ്രധാനമന്ത്രി ആരാകുമെന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എം.പിമാരില്‍ നിന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ അടുത്ത വാരത്തോടെ പൂര്‍ത്തിയായേക്കും. നിലവില്‍ ഇന്ത്യന്‍ വംശജനും ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായിരുന്ന ഋഷി സുനാകിനാണ് സാധ്യത കൂടുതല്‍ കല്പിക്കുന്നത്.

അതേസമയം പാര്‍ട്ടിയിലെ നൂറ് എം.പിമാരുടെ പിന്തുണ ഋഷി സുനാകിന് ലഭിച്ചത് പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയാകാന്‍ ചുരുങ്ങിയത് 100 എം.പിമാരുടെ പിന്തുണ വേണമെന്നാണ് നിയമം. ഇത് റിഷി സുനാക് ഉറപ്പിച്ചതോടെ മുന്നോട്ടുള്ള ചുവടുകള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇതിനിടെ പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സനും താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയ ബോറിസ് ജോണ്‍സണ്‍, ഋഷി സുനാകിനോട് മത്സരരംഗത്ത് നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 50 എം.പിമാരുടെ മാത്രം പിന്തുണയേ നിലവില്‍ ബോറിസ് ജോണ്‍സനുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ എം.പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ പ്രധാനമന്ത്രി പദവി രണ്ടാം വട്ടവും ബോറിസ് ജോണ്‍സന് സ്വന്തമാക്കാം.