യു.പിയില്‍ പ്ലേറ്റ്‌ലറ്റുകളെന്ന പേരില്‍ ജ്യൂസ് വിറ്റ പത്ത് പേര്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗികളുടെ ചികിത്സയ്ക്കായി പ്ലേറ്റ്‌ലറ്റുകളെന്ന പേരില്‍ ജ്യൂസ് പാക്കറ്റുകളിലാക്കി വിറ്റ 10 പേരെ പ്രയാഗ് രാജ് പൊലീസ് പിടികൂടി. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയ്ക്ക് പ്ലേറ്റ്‌ലറ്റിന് പകരം മുംസംബി ജ്യൂസ് നല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരില്‍ നിന്ന് രക്തം സൂക്ഷിക്കുന്ന ബാഗുകളും പണവും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മുസംബി ജ്യൂസും പ്ലേറ്റ്‌ലറ്റും സമാനനിറത്തിലായതിനാല്‍ ഒറ്റനോട്ടത്തില്‍ തട്ടിപ്പ് കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. പ്ലേറ്റ്‌ലറ്റെന്ന പേരില്‍ ഇവര്‍ പ്ലാസ്മയും വിറ്റിരുന്നതായാണ് നിഗമനം. യുപിയില്‍ അല്പനാളുകളായി ഡെങ്കിപ്പനി കേസുകള്‍ ഉയര്‍ന്ന അവസ്ഥയിലാണ്. ഇതേത്തുടര്‍ന്ന് പ്ലേറ്റ്‌ലറ്റിന് ആവശ്യക്കാര്‍ കൂടിയതാണ് ഈ മേഖലയില്‍ തട്ടിപ്പ് നടക്കാന്‍ കാരണം.