ദീപാവലിയ്ക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷയില്ല; പകരം പൂക്കളും ഉപദേശവുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഒക്‌ടോബര്‍ 27 വരെ ഗുജറാത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്‌വി. ഒക്ടോബര്‍ 21 മുതല്‍ 27 വരെ ഗുജറാത്ത് ട്രാഫിക് പൊലീസ് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പൗരന്മാരില്‍ നിന്ന് പിഴ ഈടാക്കില്ല. ഹെല്‍മെറ്റോ ലൈസന്‍സോ ഇല്ലാതെ പിടിക്കപ്പെടുകയോ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ പൊലീസ് അവരെ ഉപദേശിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഗുജറാത്തിലെ സൂററ്റില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനപക്ഷ തീരുമാനങ്ങളിലൊന്നാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘ്‌വിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആളുകളുടെ മേല്‍ നിയമബോധം അടിച്ചേല്‍പ്പിക്കുകയല്ല, മറിച്ച് അവ സ്വയം പാലിക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നാണ് ഒരു വിഭാഗം പറയുന്നത്. സര്‍ക്കാരിന്റെ തീരുമാനം ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കാനും അപകടങ്ങള്‍ കൂടാനും ഇടയാക്കുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാരിന്റെ നടപടിയെന്നാണ് ചിലരുടെ വിമര്‍ശനം.