പ്ലാസ്മയ്ക്ക് പകരം നല്‍കിയത് മുസംബി ജ്യൂസ്; യു.പിയില്‍ ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചു, ആശുപത്രി അടപ്പിച്ചു

ലക്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് പ്ലാസ്മയ്ക്ക് പരം മുസംബി ജ്യൂസ് നല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവമുണ്ടായ യു.പിയിലെ പ്രയാഗ് രാജിലെ ആശുപത്രി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് രോഗിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ആന്‍ഡ് ട്രോമ സെന്ററിന്‍ നിന്ന് പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗില്‍ മൊസംബി ജ്യൂസ് ആയിരുന്നുവെന്ന് ബന്ധുക്കള്‍ തെളിവ് സഹിതം ആരോപിച്ചിരുന്നു. ഇങ്ങനെ നല്‍കിയ രണ്ട് ബാഗുകളില്‍ ഒരെണ്ണം ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു രോഗിയുടെ മരണം.

മുസംബി ജ്യൂസിന്റെയും പ്ലാസ്മയുടെയും നിറം സമാനമാണ്. വ്യാജ രക്തബാഗ് ആണെന്നും അതിനുള്ളില്‍ രാസഘടകങ്ങളും മുസംബി ജ്യൂസ് പോലുള്ള എന്തോ ആണെന്നും വ്യക്തമായതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്. സാംപിള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ആശുപത്രി അടച്ചിടുമെന്ന് പ്രയാഗ് രാജിന്റെ അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.