കശ്മീരി മാധ്യമപ്രവര്‍ത്തകയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം: സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് യു.എസ്

വാഷിങ്ടണ്‍: മതിയായ യാത്രാരേഖകള്‍ ഉണ്ടായിട്ടും പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റായ സന്ന ഇര്‍ഷാദ് മാട്ടുവിനെയാണ് ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ തടഞ്ഞത്. പുലിസ്റ്റര്‍ പുരസ്‌കാരം സ്വീകരിക്കുന്നതിനായി യു.എസിലേക്ക് പോവുകയായിരുന്നു ഇവര്‍.

സന്നയെ വിമാനത്താവളത്തില്‍ തടഞ്ഞ നടപടി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തന്റെ അന്തര്‍ദ്ദേശീയ യാത്ര തടസ്സപ്പെടുന്നതെന്ന് സംഭവത്തെത്തുടര്‍ന്ന് സന്ന സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.