ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ശശികലയടക്കം നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ കമ്മീഷന്‍. തോഴി വി.കെ. ശശികലയടക്കം നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് നിന്ന് ജയലളിതയെ ചികിത്സിക്കാനെത്തിയ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടത്തിയില്ല. മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരു ദിവസം വൈകിയാണെന്നും തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ശശികല, ജയലളിതയുടെ ഡോക്ടര്‍ കെ.എസ്.ശിവകുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വെച്ചത്.

ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 2016 ഡിസംബറിലാണ് ജയലളിത മരിച്ചത്. ഒട്ടേറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2017-ലാണ് അന്നത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.