ഓണ്‍ലൈനിലെ അപകീര്‍ത്തികരമായ പരാമര്‍ശം; 66 എ പ്രകാരം ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഓണ്‍ലൈനിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഐടി നിയമത്തിലെ 66 എ പ്രകാരം നടപടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. ഈ വകുപ്പ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും നടപടികള്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവ്.

ഐടി നിയമത്തിലെ 66 എ പ്രകാരം ഒരു കേസും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരും പൊലീസ് മേധാവിമാരും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ എടുത്ത കേസുകളില്‍ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഐടി നിയമത്തിലെ 66 എ വകുപ്പിന് മാത്രമാണ് നിര്‍ദ്ദേശം ബാധകമെന്ന് കോടതി വ്യക്തമാക്കി. ഒരേ കുറ്റത്തിന് മറ്റേതെങ്കിലും വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന് ഇത് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.