തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ ആഴ്ച പിന്‍വാങ്ങുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

ന്യൂഡെല്‍ഹി: വടക്കുപടിഞ്ഞാറന്‍, മധ്യേന്ത്യയുടെ കൂടുതല്‍ ഭാഗങ്ങളില്‍ നിന്ന് അടുത്ത മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബര്‍ 14 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കും നിലനില്‍ക്കാന്‍ സാധ്യത.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് ഒക്ടോബര്‍ വരെ മണ്‍സൂണ്‍ നീണ്ടു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് സാധാരണയിലും അധികമായി 88 ശതമാനം മഴ ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലും റായലസീമയിലും കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.