പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസ്; ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ കസ്റ്റഡിയില്‍

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡെല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച കേസിലാണ് പൊലീസ് നടപടി. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ ഓഫീസിന് മുന്നില്‍ നിന്നാണ് ഗോപാല്‍ ഇറ്റാലിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2019-ല്‍ പ്രചരിപ്പിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ച് വനിതാ കമ്മീഷന്‍ ഗോപാല്‍ ഇറ്റാലിയയെ വിളിച്ചുവരുത്തുകയായിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ ജയിലിലേയ്ക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഗോപാല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തത്. ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

അതേസമയം ഗോപാല്‍ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തതോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ പൊലീസ് നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.