ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാര്‍. മെയ്ഡന്‍ ഫാര്സ്യൂട്ടിക്കല്സിലെ ഗുണമേന്മ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സെന്‍ട്രല്‍ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാഫലം വരുന്നതനുസരിച്ച് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഹരിയാനയിലെ സോന്പത്തിലാണ് മരുന്നു കമ്പനിയുടെ ആസ്ഥാനം.
കമ്പനി ഗാംബിയയില്‍ വിതരണം ചെയ്യുന്ന നാല് കഫ് സിറപ്പുകള്‍ കുട്ടികളുടെ മരണത്തിലേക്ക് നയിച്ചെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഫ് സിറപ്പില്‍ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സംയുക്തങ്ങള്‍ വൃക്കതകരാറിന് കാരണമായതായും ഇത് കുട്ടികളുടെ മരണകാരണമായെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്.