മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ പൊള്ളളേറ്റ് മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ 5.20-ഓടെയാണ് അപകടം ഉണ്ടായത്. നാസിക്-ഔറംഗാബാദ് റോഡില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാവത് മാലില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ബസ്. പൂനെയില്‍ നിന്നും നാസിക്കിലേക്ക് പോകുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്.

ട്രക്കില്‍ ഇടിച്ചതിന് പിന്നാലെ ബസില്‍ തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനയുടെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കാനായത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.