ദുബായ്: ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു. യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ദുബായിലെ ജബലലിയിലാണ് തനത് ഇന്ത്യന്‍ വാസ്തുവിദ്യാപാരമ്പര്യത്തില് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വിജയദശമി ദിനം മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറര മുതല്‍ രാത്രി എട്ട് മണി വരെയാണ് ക്ഷേത്രം തുറന്നുപ്രവര്‍ത്തിക്കുക. വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തും ക്ഷേത്രദര്‍ശനത്തിന് സൗകര്യം നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ദിവസവും 1200 ആളുകള്‍ക്ക് ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. പന്ത്രണ്ട് മൂര്‍ത്തികള്‍ക്ക് പ്രത്യേക കോവിലുകള്‍, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് മിനാരങ്ങളുടെ നിര്‍മ്മിതിയും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.