ഒക്ടോബര്‍ 25 മുതല്‍ ഇന്ധനം ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. ഒക്ടോബര്‍ 25 മുതല്‍ ഈ തീരുമാനം നടപ്പിക്കാലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിലെ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമാണ്. ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടും വലിയൊരു വിഭാഗം ആളുകള്‍ വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണ പരിശോധന നടത്താന്‍ തയ്യാറാകുന്നില്ല. ഇത് ഡല്‍ഹിയില്‍ വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അതേസമയം പെട്രോളും ഡീസലും നല്‍കുന്നതിന് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ ബാധിക്കുമെന്നായിരുന്നു വിവിധ പമ്പ് അസോസിയേഷനുകളുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി ഒരാഴ്ചയ്ക്കകം പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഒക്ടോബര്‍ 25 മുതല്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ പെട്രോളും ഡീസലും ലഭിക്കുകയില്ല.