കാബൂളില്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ ചാവേര്‍ സ്‌ഫോടനം; വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനനഗരമായ കാബൂളിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു.

കാബൂളിലെ കാജ് എഡ്യൂക്കേഷന്‍ സെന്ററില്‍ രാവിലെ 7.30-ഓടെയാണ് സ്‌ഫോടനമുണ്ടായത്. പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി പരിശീലിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്‌ഫോടനം നടന്നിരുന്നു.