ഫ്‌ലോറിഡയില്‍ വീശിയടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; വ്യാപകനാശനഷ്ടം

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നാശം വിതച്ച് ഇയാന്‍ ചുഴലിക്കാറ്റ്. ബുധനാഴ്ച ഫ്‌ലോറിഡ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമാണുണ്ടായത്. കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി. അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയത്. വീശിയടിച്ച കാറ്റില്‍ കാറുകള്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വൈദ്യുതിബന്ധങ്ങള്‍ തകരാറിലായി. 1.8 ദശലക്ഷം ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്ന് കൗണ്ടികളിലും മിക്കവാറും എല്ലാ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിയില്ലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടുങ്കാറ്റില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊട്ടിത്തെറിയ്ക്കുകയും പ്രദേശമാകെ തീപ്പൊരി കൊണ്ട് മൂടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചുഴലിക്കാറ്റ് റിപ്പോര്‍ട്ടര്‍ പറന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഫ്‌ലോറിഡയിലെത്തുംമുമ്പ് ക്യൂബയിലാണ് ഇയാന്‍ നാശംവിതച്ചത്. രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ ഫ്‌ലോറിഡ തീരത്ത് ബോട്ട് മുങ്ങി 20 ക്യൂബന്‍ കുടിയേറ്റക്കാരെ കാണാതായതായി യുഎസ് അധികൃതര്‍ അറിയിച്ചു.