അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല, മധ്യപ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമല്‍നാഥ്

ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. മധ്യപ്രദേശില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യം. രാജസ്ഥാനില്‍ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സോണിയാഗാന്ധിയെ അറിയിച്ചതായും കമല്‍നാഥ് പറഞ്ഞു.

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് പക്ഷത്തെ എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കി രംഗത്തെത്തിയതിന് പിന്നാലെ സോണിയാഗാന്ധി കമല്‍നാഥിനെ ഡല്‍ഹിയിലേക്ക് വിളിപ്പിരുന്നു. രാജസ്ഥാനില്‍ മൂന്നോ നാലോ എം.എല്‍.എമാരാണ് പ്രശ്‌നത്തിന് കാരണമെന്ന് കമല്‍നാഥ് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് നിരീക്ഷകര്‍ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലുണ്ടായ പ്രതിസന്ധിയില്‍ അശോക് ഗെഹ്‌ലോട്ട് കാരണക്കാരനല്ലെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗെഹ്‌ലോട്ട് പക്ഷത്തെ മൂന്ന് എം.എല്‍.എമാരാണ് കുഴപ്പമുണ്ടാക്കിയതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.