രാഷ്ട്രീയം മറ മാത്രം, ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം; ജനാധിപത്യത്തെ അട്ടിമറിയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്‌ഐ) ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടന്ന് പ്രചരിപ്പിച്ച് ഒരു സമുദായത്തെ തീവ്രവാദവത്കരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം. ഒരു വിഭാഗത്തെ രാജ്യത്തിനെതിരെ തിരിക്കുകയെന്നതാണ് അവര്‍ പിന്തുടരുന്ന പ്രവര്‍ത്തന രീതി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും ഈ സംഘടനയുടെ പ്രവര്‍ത്തനം ഭീഷണിയാണ്. ജനാധിപത്യത്തെ അട്ടിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ഫണ്ട് സമാഹരിക്കുന്നത് റിഹാബ് ഇന്ത്യ ഫൗണ്ടേഷനാണ്. റിഹാബ് ഇന്ത്യയ്ക്കു പുറമേ ക്യാമ്പസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എല്ലാം പ്രവര്‍ത്തനങ്ങളും അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു.

സാമൂഹ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ സംഘടനകള്‍ എന്ന നിലയ്ക്കാണ് ഈ സംഘടനകള്‍ പരസ്യമായി പ്രവര്‍ത്തിച്ചതെങ്കിലും അതു വെറും മറ മാത്രമായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ രഹസ്യ അജണ്ട. ജനാധിപത്യത്തെ ഇകഴ്ത്തിക്കാണിക്കുകയും ഭരണഘടനയെ അവമതിപ്പോടെ കാണുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരുന്നത്. അട്ടിമറി പ്രവര്‍ത്തനങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ടിലെ അംഗങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നത് എന്നതിന് ഒട്ടേറെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പരാമര്‍ശിക്കുന്നു.

അതേസമയം കേരളത്തില്‍ വിവിധ കാലയളവുകളില്‍ നടന്ന കൊലപാതകങ്ങളേയും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേര്‍ത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിന്‍ വധത്തെക്കുറിച്ചും നിരോധന ഉത്തരവില്‍ പരാമര്‍ശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനോടും അതിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് മറ്റൊരു വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും വസ്തുവകകള്‍ പിടിച്ചെടുക്കുകയും വേണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.