ലേവർ കപ്പ് ടെന്നിസ് മത്സരത്തിനിടെ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ചയാൾ അറസ്റ്റിൽ

ലണ്ടൻ: ലേവർ കപ്പ് ടെന്നിസ് മത്സരം നടക്കുന്നതിനിടെ ബ്രിട്ടനിൽ സ്വകാര്യ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതിഷേധം ഉയർത്തിയ ആൾ അറസ്റ്റിൽ. കോർട്ടിലെത്തിയ പ്രതിഷേധക്കാരൻ ശരീരത്തിൽ തീകൊളുത്തിയതിനെ തുടർന്നു മത്സരം തടസ്സപ്പെട്ടിരുന്നു.

ലേവർ കപ്പിൽ, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് (ടീം യൂറോപ്) ഡിയേഗോ ഷ്വാർട്‌സ്മാൻ (ടീം വേൾഡ്) എന്നിവർ തമ്മിലുള്ള സിംഗിൾസ് മത്സരത്തിനിടെയായിരുന്നു സംഭവം. കോർട്ടിലേക്ക് ഓടിയെത്തിയ ഒരാൾ, കൈയിൽ തീകൊളുത്തുകയായിരുന്നു.

പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ, പ്രതിഷേധക്കാരനെ കോർട്ടിനു പുറത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോർട്ടിനു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയശേഷം മത്സരം പുനഃരാരംഭിച്ചു. പ്രതിഷേധിച്ചയാൾ ”യുകെയിൽ സ്വകാര്യ ജെറ്റുകൾ അവസാനിപ്പിക്കുക’ എന്നെഴുതിയ ടി-ഷർട്ട് ധരിച്ചിരുന്നു.

‘എൻഡ് യുകെ പ്രൈവറ്റ് ജെറ്റ്‌സ്’ എന്ന ഗ്രൂപ്പിലെ അംഗമാണ് ഇയാളെന്നു ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെറ്റുകൾ പുറന്തള്ളുന്ന കാർബൺ, വ്യാപക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാൽ ഇവ വിലക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് ഇത്. മത്സരം 6-2 6-1 എന്ന സ്‌കോറിൽ സിറ്റ്‌സിപാസ് വിജയിച്ചു.