ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാല് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ റോഡിലെ ഡിവൈഡറില്‍ ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 1.51 നായിരുന്നു അപകടം. റോഡരികില്‍ ആറുപേരാണ് ഉറങ്ങിക്കിടന്നിരുന്നത്. ഇവര്‍ക്കു മേലെയാണ് വാഹനം പാഞ്ഞുകയറിയത്. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.

കരീം(52), ഛോട്ടേ ഖാന്‍സ് (25) ഷാ ആലം (38), രാഹുല്‍ (45) എന്നിവരാണ് മരിച്ചത്. 16 വയസ്സുള്ള മനീഷ്, 30 വയസ്സുള്ള പ്രദീപ് എന്നിവരാണ് ചികിത്സയിലുള്ളതെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ട്രക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.