‘തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാം, സോണിയാഗാന്ധിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ച മാത്രം’; കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മല്‍സരിക്കാമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി. സുതാര്യമായാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. രാഹുല്‍ ഗാന്ധി മല്‍സരിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. സോണിയാഗാന്ധിയെ കണ്ടതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്നു രാവിലെയാണ് കെ.സി. വേണുഗോപാലിനെ സോണിയാഗാന്ധി അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചത്. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ഒപ്പമുള്ള വേണുഗോപാല്‍ ആദ്യമായാണു ഡല്‍ഹിയില്‍ നിന്നും ഇത്രയധികം ദിവസം വിട്ടുനില്‍ക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയില്‍ ചേരും. നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി ഡല്‍ഹിക്കുപോകുന്നുണ്ട്.