ദലിത് കുട്ടികള്‍ക്ക് മിഠായി വില്‍ക്കാന്‍ വിസമ്മതിച്ച കടയുടമ അറസ്റ്റില്‍

തെങ്കാശി: തമിഴ്‌നാട്ടില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിച്ച കടയുടമ അറസ്റ്റില്‍. തെങ്കാശിയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കടയുടമ മിഠായി നല്‍കാതിരുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്തത്.

അടുത്തിടെ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും സാധനങ്ങള്‍ നല്‍കരുതെന്ന് തീരുമാനിച്ചതായി ഇയാള്‍ വീഡിയോയില്‍ കുട്ടികളോട് പറയുന്നുണ്ട്. കുട്ടികളാരും കടകളിലേക്ക് വരരുതെന്ന മുന്നറിയിപ്പും അയാള്‍ കൊടുക്കുന്നു. ഇതുകേട്ട് നിരാശരായി കുട്ടികള്‍ മടങ്ങിപ്പോയി.

കടയുടമ തന്നെ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മഹേശ്വരന് പുറമേ ഗ്രാമുമുഖ്യനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനാസ്പദമായ മഹേശ്വരന്റെ കടയും പൊലീസ് അടപ്പിച്ചു.