വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് പരിക്ക്

കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തലസ്ഥാനനഗരമായ കീവിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ സെലന്‍സ്‌കിക്ക് കാര്യമായ പരുക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെര്‍ജി വിക്കിഫെറോവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

കീവിലൂടെ അകമ്പടി വാഹനങ്ങളോടെ സഞ്ചരിച്ചിരുന്ന സെലന്‍സ്‌കിയുടെ വാഹനവ്യൂഹത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ കൂടെയുണ്ടായിരുന്ന ആംബുലന്‍സിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് റഷ്യന്‍ നിയന്ത്രണത്തിലായിരുന്ന 6000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രെയ്ന്‍ തിരിച്ചുപിടിച്ചതായി സെലന്‍സ്‌കി പ്രഖ്യാപിച്ചത്. പ്രദേശത്ത് സൈനിക നീക്കം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.