എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. രാഷ്ട്രപതിയായ അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം എന്ന സവിശേഷതയും ഈ യാത്രയ്ക്കുണ്ട്. സെപ്റ്റംബര്‍ 17-ന് ലണ്ടനിലെത്തുന്ന രാഷ്ട്രപതി രണ്ടുദിവസം ബ്രിട്ടണില്‍ തങ്ങും. ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സെപ്റ്റംബര്‍ 19-നാണ് രാജ്ഞിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് ഹൈകമ്മീഷണറിനെ സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇന്ത്യയുടെ അനുശോചനം നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യ കഴിഞ്ഞ ഞായറാഴ്ച ഒരുദിവസത്തെ ദുഃഖാചരണം നടത്തിയിരുന്നു.