ജമ്മു കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ബസ് കൊക്കയിലേക്ക് വീണ് 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പൂഞ്ച് ജില്ലയിലെ ബറേറി നല്ലാഹിന്റെ അടുത്താണ് അപകടമുണ്ടായത്. സൗജിയാനില്‍ നിന്നും മാണ്ഡിയിലേക്കുള്ള ബസ് യാത്രക്കിടെയായിരുന്നു അപകടം.

സംഭവം നടന്നയുടന്‍ നാട്ടുകാരുടേയും പൊലീസിന്റേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്നും മാണ്ഡി തഹസില്‍ദാര്‍ ഷെഹസാദ് ലത്തീഫ് അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.