എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

ന്യൂഡെല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം സംഘടിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ല.

അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടണും അവിടത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്ഞിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. 2015-ലെയും 2018-ലെയും യു.കെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു.

രാജ്ഞിയുടെ സൗഹാര്‍ദ്ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ചിന്തകളും പ്രാര്‍ഥനകളും ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിര്‍വചിച്ചു. രാജ്ഞിയോടുള്ള ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും ബൈഡന്‍ ഉത്തരവിട്ടിരുന്നു.

പദവിയോട് എലിസബത്ത് രാജ്ഞി നീതി പുലര്‍ത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അനുശോചിച്ചു. എലിസബത്ത് രാജ്ഞി ബ്രിട്ടനും കോണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കുമായി നിസ്സീമമായ സേവനം അര്‍പ്പിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം രാജസിംഹാസനത്തില്‍ ഇരുന്ന വ്യക്തിയെന്ന ബഹുമതിക്ക് ഉടമയാണ് എലിസബത്ത് രാജ്ഞി. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യം. രാജ്ഞിയുടെ വിയോഗത്തില്‍ ബ്രിട്ടനില്‍ പത്തുദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.