ചൈനയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.25-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. അതേസമയം നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.

ടിബറ്റിനോട് ചേര്‍ന്നുള്ള പ്രദേശമാണ് സിച്ചുവാന്‍. കനത്ത ഭൂകമ്പങ്ങള്‍ സ്ഥിരം നടക്കുന്ന മേഖലയാണ് ടിബറ്റന്‍ പീഠഭൂമി. 2008 മുതല്‍ 82 ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. 69,000 പേരാണ് മരിച്ചത്. 2013-ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200 പേര്‍ മരിച്ചിരുന്നു.