‘പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാതെ ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കൂ’; ഗുജറാത്തിലെ ബി.ജെപി പ്രവര്‍ത്തകരോട് കെജ്‌രിവാള്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം രാജ്‌കോട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാതെ എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

‘ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ചതിന് എന്ത് പ്രതിഫലമാണ് നിങ്ങള്‍ക്ക് കിട്ടിയത്. ഞങ്ങള്‍ക്ക് ബി.ജെ.പി നേതാക്കളെ ആവശ്യമില്ല. നേതാക്കളെ നിങ്ങള്‍ തന്നെ സൂക്ഷിച്ചോളൂ. ഗ്രാമങ്ങളിലും താലൂക്കുകളിലും ബൂത്തുകളിലും പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ നേതാക്കള്‍ ഞങ്ങളുടെ പ്രചാരണ പരിപാടികളില്‍ പങ്കുചേരുന്നുണ്ട്. ഇത്രയും കൊല്ലം പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചത് എന്ന കാര്യം മാത്രമേ അവരോട് എനിക്ക് ചോദിക്കാനുള്ളൂ’.

‘ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി പണം ലഭിക്കുന്നുണ്ടെന്നും ആ പ്രതിഫലം കൈപ്പറ്റി ബി.ജെ.പിയ്ക്കുള്ളില്‍ നിന്നു കൊണ്ട് എ.എ.പിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. അത്തരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കാന്‍ തങ്ങളുടെ പക്കലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യമോ മികച്ചതോ ആയ വിദ്യാഭ്യാസമോ ആരോഗ്യ സേവനങ്ങളോ സൗജന്യ വൈദ്യുതിയോ ബി.ജെ.പി അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നില്ല. ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തിയാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും.’

സൗജന്യ വൈദ്യുതിയും മികച്ച വിദ്യാഭ്യാസവും ചികിത്സയും സ്ത്രീകള്‍ക്ക് 1,000 രൂപ വീതവും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 27 വര്‍ഷം നീണ്ട ബി.ജെ.പി ഭരണം ഗുജറാത്തില്‍ വീണ്ടും തുടരുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.