നിതീഷ് കുമാറിന് തിരിച്ചടി; മണിപ്പൂരിലെ ജെ.ഡി.യു എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍

പാട്‌ന: എന്‍.ഡി.എ മുന്നണി വിട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി നല്‍കി ബി.ജെ.പി. മണിപ്പൂരിലെ ജെ.ഡി.യുവിന്റെ എം.എല്‍.എമാര്‍ കൂട്ടമായി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ എത്തിയതോടെയാണ് ബിഹാറിലെ നഷ്ടത്തിന് ബി.ജെ.പി മധുരമായി പ്രതികാരം ചെയ്തത്. ജെ.ഡി.യുവിന്റെ മണിപ്പൂരിലെ ആറ് എം.എല്‍.എമാരില്‍ അഞ്ച് പേരും ഭരണകക്ഷിയായ ബി.ജെ.പിയില്‍ ലയിച്ചു.

ജെ.ഡി.യു എം.എല്‍.എമാരായ ഖുമുഖം സിംഗ്, എന്‍ഗുര്‍സാംഗ്ലൂര്‍ സനേറ്റ്, അച്ചാബ് ഉദ്ദീന്‍, തങ്ജം അരുണ്‍ കുമാര്‍, എല്‍.എം ഖൗട്ടെ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാട്‌നയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ജനതാദള്‍ യുണൈറ്റഡ് എം.എല്‍.എമാരുടെയും ബി.ജെ.പിയുടെയും ലയനത്തിന് മണിപ്പൂര്‍ നിയമസഭാ സ്പീക്കറും അംഗീകാരം നല്‍കി. ഇവര്‍ക്ക് കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല.ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ലയിച്ചതിന് പിന്നാലെ, മണിപ്പൂര്‍, അരുണാചല്‍ സംസ്ഥാനങ്ങള്‍ ജെ.ഡി.യു മുക്തമായി മാറിയെന്ന് എം.പി സുശീല്‍ മോദി പരിഹസിച്ചു.

അതേസമയം കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് ഇത് രണ്ടാം പ്രഹരമാണ്. ഓഗസ്റ്റ് 25-ന് അരുണാചല്‍ പ്രദേശിലെ ഏക ജെ.ഡി.യു എം.എല്‍.എ ടെക്കി കസോ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

2019-ലെ അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് ഏഴ് സീറ്റുകള്‍ നേടിയിരുന്നു, എന്നാല്‍ ആറ് അംഗങ്ങള്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. വിട്ടുനിന്ന ഏക എം.എല്‍.എയാണ് കഴിഞ്ഞയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.