ചൈനീസ് ഭീഷണി മറികടന്ന് തായ്‌വാൻ കടലിടുക്കിൽ യുഎസ് യുദ്ധക്കപ്പലെത്തി

തായ്പേയ്: ചൈനീസ് ഭീഷണി മറികടന്ന് തായ്‌വാൻ കടലിടുക്കിൽ യുഎസ് യുദ്ധക്കപ്പൽ പ്രവേശിച്ചു. രണ്ടു യുഎസ് യുദ്ധക്കപ്പലുകളാണ് തായ്‌വാൻ കടലിടുക്കിലൂടെ കടന്നു പോകുന്നതെന്ന് യുഎസ് നാവികസേന അറിയിച്ചു.ഈ മാസം ആദ്യം യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർധിച്ചതിന് ശേഷം ഇത്തരമൊരു ഓപ്പറേഷൻ നടക്കുന്നത് ആദ്യമാണ്.ഗൈഡഡ്-മിസൈൽ ക്രൂയിസറുകളാണ് തായ്‌വാൻ കടലിടുക്കിലെത്തിയത്. മേഖലയിൽ ചൈന സൈനികാഭ്യാസം തുടരുന്നതിനിടെയാണ് യുദ്ധക്കപ്പലുകളെത്തിയത്. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് യുഎസ് അറിയിച്ചു.യുഎസിന്‍റെ ഇത്തരം പ്രവർത്തനങ്ങൾ പ്രകോപനപരമാണെന്നും തായ്‌വാൻ ദ്വീപ് ചൈനീസ് പ്രദേശത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും ചൈന പ്രതികരിച്ചു.